ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മഠങ്ങളില്‍ നിന്നുളള ഒറ്റിയായിരുന്നു ഈ പ്രദേശത്തെ പുരയിടങ്ങളെല്ലാം. അങ്ങനെ “ഒറ്റി ഊര്” ആണ് ഒറ്റുരായി പരിണമിച്ചത് എന്നാണ് ഐതീഹ്യം. തെക്കന്‍ കാശിയായ പാപനാശത്തേക്കുളള പണ്ടത്തെ ഏകമാര്‍ഗം ഇതുവഴിയായിരുന്നതു കൊണ്ട് “ഒറ്റ ഊര്” ഒറ്റൂരായതാണെന്നും പറയപ്പെടുന്നു. പഞ്ചായത്തിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വൃത്താകൃതിയിലുളള ശ്രീകോവിലിന് പുറത്ത് വിവിധ അവതാരങ്ങളുടെ കൊത്തുപണികളുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് ഈ ക്ഷേത്രത്തിലേക്ക് എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ സന്ദര്ശനമുണ്ടാകുമായിരുന്നുവെന്നും ഇതു മുടങ്ങുന്ന വര്‍ഷം സ്വര്ണത്തിലുളള ഒരു തെച്ചിപ്പൂവ് നടയ്ക്കു വെക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. തിരു-കൊച്ചി സംസ്ഥാനം ആയിരുന്നപ്പോഴാണ് 1953-ല്‍ ആദ്യ പഞ്ചായത്തുതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നത്തെ മണമ്പൂര്‍, ഒറ്റൂര്‍ വില്ലേജുകള്‍ ചേര്‍ന്നാണ് മണമ്പൂര്‍ പഞ്ചായത്ത് ഉണ്ടാക്കിയത്. 1953-ല്‍ രൂപീകൃതമായ പഞ്ചായത്ത് 1962 വരെ നിലവില്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 1963-ല്‍ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. 1977-ല്‍ പഞ്ചായത്ത് രണ്ടാവുകയും ഒറ്റൂര്‍ വില്ലേജിലുള്ള പഞ്ചായത്തുമെമ്പര്മാരേയും ശ്രീമാന്‍ ഷൌസുദ്ദിനേയും ഉള്‍പ്പെടുത്തി ഒരു നോമിനേറ്റഡ് കമ്മിറ്റി രൂപീകരിക്കുകയുമുണ്ടായി. നിലവിലുണ്ടായിരുന്ന കമ്മിറ്റിപ്രസിഡന്റ് ജി.ചെല്ലപ്പന്പിളളയായിരുന്നു. 1979-ല്‍ മണമ്പൂര്‍ പഞ്ചായത്തിനെ വിഭജിച്ച് ഒറ്റൂരും, മണമ്പൂരും ആക്കിയപ്പോള്‍ ഒറ്റൂര്‍ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് ജി.ചെല്ലപ്പന് പിളളയായിരുന്നു. വൈസ് പ്രസിഡന്റ് എസ്.ഗോപാലന് ആയിരുന്നു. 1953-ല്‍ രൂപികൃതമായ മണമ്പൂര്‍ പഞ്ചായത്തിന്റെ പിരിഞ്ഞ് കിട്ടിയ ഭാഗമാണ് ഒറ്റൂര്‍ പഞ്ചായത്ത്. പഞ്ചായത്തില്‍ 55 ക്ഷേത്രങ്ങളും 7 കാവുകളും ഒരു മുസ്ലീംപളളിയും ഒരു ക്രിസ്ത്യന്‍ പളളിയുമുണ്ട്. പഴക്കം കൊണ്ടും ശില്പകല കൊണ്ടും ഏറെ ശ്രദ്ധേയമായ ക്ഷേത്രമാണ് ശ്രീനാരായണപുരം വിഷ്ണുക്ഷേത്രം. പുരാവസ്തുഗവേഷണ വകുപ്പിന്റെ കീഴിലുളള ഈ ക്ഷേത്രത്തിന് 700 കൊല്ലത്തോളം പഴക്കമാണ് കണ്ടെത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും കല്ല് കൊണ്ട് നിര്‍മ്മിക്കപെട്ടതും ഏറെ കൊത്തുപണികള്‍ ഉളളതുമാണ് ഈ നാരായണസ്വാമി ക്ഷേത്രം. തിരുനാരായണപുരത്തിന്റെ രൂപാന്തരമാണ് ശ്രീനാരായണപുരം എന്ന സ്ഥലനാമം. ശ്രീകോവിലും നമസ്ക്കാരമണ്ഡപവും ചുറ്റുമതിലും അടങ്ങിയ ഈ ക്ഷേത്രം കേരളീയ ക്ഷേത്രശില്പകലാസമ്പ്രദായങ്ങളില് നിന്നും തികച്ചും വ്യത്യസ്തമാണ്. ശില്പങ്ങള് ആദ്യകാല വിജയനഗര മാതൃകയിലുളളതാണ്. ത്രിതല മാതൃകയിലുളള നിര്‍മ്മാണരീതിയും ചതുര വിമാനവും കമാനരൂപത്തിലുളള നമസ്ക്കാര മണ്ഡപവും, ശിഖരഗോപുരങ്ങളുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍. ഏറെക്കുറെ അപൂര്‍ണ്ണമായ രീതിയിലുളള ഈ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ അടുത്തകാലത്ത് പുരാവസ്തു വകുപ്പാണ് നിര്‍മ്മിച്ചത്. ചുറ്റമ്പലം കെട്ടേണ്ട രീതിയിലാണ് ക്ഷേത്രത്തിന് ചുറ്റും കല്ലുകള്‍ പാകിയിരിക്കുന്നത്. പക്ഷെ ചുറ്റമ്പലമില്ല. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ പാകത്തില്‍ മുറിച്ച കല്ലുകള്‍ ക്ഷേത്രത്തിന് ചുറ്റും ഇപ്പോഴും കാണാം. ശ്രീകോവിലിന് മുകളിലെ ശിഖരഗോപുരങ്ങള് മൂന്ന് തട്ടുകളിലായാണ്. ഏറ്റവും മുകളിലെ കുമിതത്തിലുളള സുഷിരം ഗര്‍ഭഗൃഹത്തിന്റെ മുകള്‍ത്തട്ടുവരെ എത്തുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തുടങ്ങി ഇന്നു വരെ മുടങ്ങാതെ എല്ലാ മേടമാസത്തിലേയും പത്താം ദിവസം സൂര്യരശ്മികള്‍ കൃത്യമായി ദേവന്റെ ശിരസില്‍ പതിക്കുന്നു. കുംഭമാസത്തിലെ രോഹിണിനാളില്‍ കൊടിയേറല്‍ ചടങ്ങ് നടത്തി അത്തം നാളില്‍ ഉത്സവം ആഘോഷിക്കുന്നു. എഴുന്നളളത്ത് പാടത്തിന്റെ താഴേയറ്റത്തുളള മാടന് പാറയിലെത്തുന്നു. ചോള വിജയനഗര നിര്‍മ്മാണ രീതികളെ അനുസ്മരിപ്പിക്കുന്ന ഈ വിഷ്ണു ക്ഷേത്രം ഭക്തജനങ്ങളേയും ഗവേഷകരേയും ഒരുപോലെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ശ്രീക്യഷ്ണസ്വാമിക്ഷേത്രത്തില് മീനമാസത്തിലെ രോഹിണിനാളില്‍ കൊടിയേറി ഓണം നാളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കുന്നു. ആറാട്ട് എഴുന്നളളത്ത് വാളകോട്ട് മഠത്തില്‍ പോയി തിരികെ എത്തുന്നു. പഞ്ചായത്തിലെ ഏക ക്രിസ്തീയ ദേവാലയമാണ് മൂങ്ങോട് സെന്റ് സെബാസ്റ്യന്‍ ചര്‍ച്ച്. മൂങ്ങോട് കായലിനോടുരുമ്മി സ്ഥിതിചെയ്യുന്ന ഈ ചര്‍ച്ച് ഏകദേശം 150 വര്‍ഷം മുമ്പാണ് സ്ഥാപിതമായത്. ഫെബ്രുവരി മാസത്തിലാണ് പളളിയിലെ 11 ദിവസ ഉത്സവം. ജപമാല, ലിറ്റനി, ദിവ്യബലി, ആരാധന തുടങ്ങിയ ചടങ്ങുകള്‍ ഉത്സവഭാഗമാണ്. ഉത്സവത്തോടൊപ്പം കായലോരത്തെ പളളിപറമ്പില്‍ ഉയരുന്ന മാര്‍ക്കറ്റാണ് ഉത്സവത്തിന്റെ ആരവം പുറംനാടുകളില്‍ എത്തിക്കുന്നത്.