ഒറ്റൂർ ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്കാരം; രാജ്യത്ത് മൂന്നാം സ്ഥാനം!

May 11, 2026

കേന്ദ്ര സർക്കാരിൻ്റെ ശിശു സൗഹൃദ പുരസ്കാര പട്ടികയിലാണ് ഒറ്റൂർ ഈ മികച്ച നേട്ടം കൈവരിച്ചത്.
പ്രവർത്തന മികവിനും വികസന മുന്നേറ്റത്തിനുമുള്ള അംഗീകാരമായി ഈ പുരസ്കാരം മാറുന്നു.

ഗ്രാമീണ ഇന്ത്യയിലെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്  സംഭാവനകൾ നൽകിയ മികച്ച പഞ്ചായത്തുകളെയാണ് ദേശീയ അവാർഡിനായി പരിഗണിച്ചത്. ഇന്ത്യയിലെ ഏകദേശം രണ്ട് ലക്ഷത്തിൽപരം ഗ്രാമ പഞ്ചായത്തുകളിൽ നിന്നാണ്  ഒറ്റൂർ ഗ്രാമപഞ്ചായത്തിന് ഈ ചരിത്ര നേട്ടം ലഭിച്ചത്.

ഈ ചരിത്ര നേട്ടം കൈവരിക്കാനായത്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി ജയചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെയും സെക്രട്ടറി ശ്രീലേഖ എൽ എച്ച്, പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡെക്സ് സെക്ഷൻ കൈകാര്യം ചെയ്ത് വരുന്ന പ്രോജക്ട് അസിസ്റ്റന്റ് ദേവദത്തൻ ദേവ്, സൂപ്പർവൈസ് ചെയ്ത സീനിയർ ക്ലർക്ക് ശ്രീജ എസ്, അക്കൗണ്ടൻ്റ് വിഷ്ണു പ്രസാദ്, ഹെഡ് ക്ലർക്ക് ബിനു എ, അസിസ്റ്റൻ്റ് സെക്രട്ടറി ജുഗുനു എ എം, മറ്റ് ജീവക്കാർ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.

ഗ്രാമീണ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ പഞ്ചായത്തുകളുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക, കൂടാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള മികച്ച രീതികൾ സ്വീകരിക്കാൻ മറ്റ് പഞ്ചായത്തുകളെ പ്രേരിപ്പിക്കുക എന്നിവയായിരുന്നു ഈ അവാർഡുകളുടെ പ്രാഥമിക ലക്ഷ്യം. പുരസ്കാര തുകയായി 50 ലക്ഷം രൂപ ലഭിക്കും.

Otoor Grama Panchayat wins national award